മുഖ്യമന്ത്രിക്ക് എതിരെ ധർമടത്ത് മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ; പോരാട്ടം 'മക്കൾക്കും അമ്മമാർക്കും നീതി കിട്ടാൻ 

വാളയാറിൽ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും. തൃശൂരിൽ വാർത്താസമ്മേളനത്തിലാണ്​ അവർ ഇത്​ പ്രഖ്യാപിച്ചത്​. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ്​ താൻ മത്സരിക്കുന്നത്​.

നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കണം, അതിനാണ്​​ ധർമടത്ത്​ തന്നെ മത്സരിക്കുന്നത്​. നീതിക്ക്​ വേണ്ടി മുഖ്യമന്ത്രിയുടെ കാല് വരെ പിടിച്ചു. അദ്ദേഹം വാക്ക് പാലിച്ചില്ല. കേസന്വേഷണത്തിൽ കുറ്റകരമായ വീഴ്ച വരുത്തിയവർക്ക്​ സ്ഥാനക്കയറ്റം കൊടുക്കുകയാണ്​ ചെയ്​തത്​. ഇതിനെ പറ്റി മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമാണിത്​.

നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ ഇല്ല. സംഘപരിവാറിന്‍റെ പിന്തുണ വേണ്ട. യു.ഡി.എഫ്​ അടക്കമുള്ള മതേതരപാർട്ടികളുടെ പിന്തുണ വാങ്ങും. മാധ്യമങ്ങൾ എന്‍റെ മുഖം മറയ്​ക്കേണ്ട. ജാഥ മാത്രമേ നിറുത്തുന്നുള്ളൂ, സമരം തുടരുമെന്നും അവർ പറഞ്ഞു.

കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യാഗ്രഹ സമരം നടത്തുകയാണ്.