ആലപ്പുഴ ചേര്‍ത്തലയില്‍ അമ്മയുടെ മരണം കൊലപാതകമാണെന്ന മകളുടെ പരാതിയില്‍ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി ഞായറാഴ്ചയാണ് മരിച്ചത്. സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടന്നിരുന്നു.
ഇതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ ചേര്‍ത്തല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛന്റെ മര്‍ദ്ദനമേറ്റാണ് മരണമെന്നാണ് മകള്‍ പരാതിയില്‍ പറയുന്നത്. ജനുവരി 8ന് രാത്രി സജിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയും ഭിത്തിയില്‍ തല ബലമായി ഇടിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സോണിയുടെ ആക്രമണത്തിന് പിന്നാലെയാണ് സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സജി. സോണിയെ ചോദ്യം ചെയ്ത ശേഷമാകും മറ്റുനടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു.