ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് എംവിഡി; വയനാട് എൻഫോഴ്‌സ്മെൻ്റ് ആർടിഒക്ക് റിപ്പോർട്ട് നൽകി

ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് വയനാട് എൻഫോഴ്‌സ്മെൻ്റ് ആർടിഒക്ക് റിപ്പോർട്ട് നൽകി. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ആകാശ് തില്ലങ്കേരി നടത്തിയ ജീപ്പ് യാത്രയ്‌ക്കെതിരെ ഹൈകോടതിയും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

വയനാട് പനമരം ടൗണില്‍ ആയിരുന്നു നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ യാത്ര. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കായിരുന്നു ആകാശ് തില്ലങ്കേരിയുടെയും അനുയായികളുടെയും യാത്ര. നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു യാത്ര. മോഡിഫൈ ചെയ്ത വാഹനത്തിലുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ആകാശിനൊപ്പം മറ്റ് രണ്ടുപേരും ദൃശ്യങ്ങളിലുണ്ട്.

യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് ആര്‍ടിഒ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ നിയമവിരുദ്ധ യാത്രയിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

അതേസമയം ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെ 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്.