താമരശ്ശേരി ചുരം ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നും 20 രൂപ വീതം പിരിക്കാനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്.
‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായാണ് ചുരത്തില്‍ പിരിവ് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കാനും ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
എന്നാല്‍, ഈ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പോലീസിന്റെ പാര്‍ക്കിംഗ് നിരോധനമുള്ള ദേശീയപാതയില്‍ ഗ്രാമപഞ്ചായത്തിന് പാര്‍ക്കിംഗിന് അനുമതി നല്‍കുന്നത് എങ്ങനെയാണെന്ന് ചിലര്‍ ചോദിക്കുന്നു. നിയമവിരുദ്ധമാണ് ഇത്തരം പിരിവുകളെന്ന് ജനങ്ങള്‍ പറയുന്നു.
നിലവില്‍ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായ ചുരത്തില്‍ യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നതോടെ ചുരം യാത്ര കൂടുതല്‍ ദുഷ്‌കരമാകും. പഞ്ചായത്ത് അധികാരികള്‍ തീരുമാനം മാറ്റണമെന്നാണ് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഫീസ് വാങ്ങി ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിച്ചാല്‍ ചുരംവഴിയുള്ള യാത്രതന്നെ അസാധ്യമാകും. ഗ്രാമപഞ്ചായത്തിന് ഫീസ് വാങ്ങാന്‍ അധികാരമില്ല. ചുരം യാത്ര സുഗമമാക്കാനുള്ള സംവിധാനമൊരുക്കാനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കേണ്ടതെന്നും കമ്മിറ്റി പറഞ്ഞു.