ബലാത്സംഗ കുറ്റത്തിന് വധ ശിക്ഷ നല്‍കാനുള്ള നിയമത്തിന് മധ്യ പ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി

ബലാത്സംഗത്തിനുള്ള ശിക്ഷ കടുപ്പിച്ച് മധ്യപ്രദേശ്. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താലും കൂട്ട ബലാത്സംഗത്തിനും വധശിക്ഷ നല്‍കാനുള്ള നിയമത്തിന് മധ്യപ്രദേശ് മന്ത്രി സഭ അംഗീകാരം നല്‍കി. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വളര്‍ന്ന സാഹചര്യത്തില്‍ ഇത് തടയാനുദ്ദേശിച്ചാണ് മന്ത്രിസഭ നിയമത്തിന് അംഗീകാരം നല്‍കിയതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് വ്യക്തമാക്കി.

ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടവരില്‍ നിന്നുള്ള പിഴയും ഇവര്‍ക്കുള്ള ശിക്ഷയും ഉയര്‍ത്താന്‍ ശിക്ഷാ നിമയത്തില്‍ ഭേദഗതി വരുത്താനും മന്ത്രസഭ അംഗീകാരം നല്‍കി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ഛൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ശിക്ഷ ഉയര്‍ത്താനുള്ള ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ബലാത്സംഗ, ലൈംഗിക പീഡന കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്ത് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ഒരു 67 കാരനും സ്ത്രീയുമടക്കം നാല് പേരെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. നാളെ ആരംഭിക്കുന്ന നിയമസഭയില്‍ ബില്ലിന് അംഗീകാരം നല്‍കിയാല്‍ ഇത് രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കും. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.