ഇഡിക്ക് മുന്നില്‍ ഡല്‍ഹിയിലും ഹാജരാകില്ല; അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് കെ രാധാകൃഷ്ണന്‍; അന്തിമ കുറ്റപത്രം ഈ മാസം നല്‍കേണ്ടതിനാല്‍ നിര്‍ണായകം

കരുവന്നൂരിലെ കോടികളുടെ തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന്‍ എംപി ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. കൊച്ചിയില്‍ തിരക്ക് മൂലം ഹാജരാകാതെ ഇരുന്ന എംപിയോട് ഇന്നു ഡല്‍ഹിയില്‍ ഹാജരാകാന്‍ ഇഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍, അമ്മയുടെ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ഇന്നും അദേഹം ഇഡിക്ക് മുന്നിലെത്തില്ല

വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ ഇ.ഡി ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ഇമെയില്‍ മുഖേനയാണ് ഇ ഡി അദ്ദേഹത്തിന് രണ്ടാമത്തെ സമന്‍സ് അയച്ചത്. ലോക്‌സഭ സമ്മേളനത്തിലായതിനാല്‍ ആദ്യ സമന്‍സ് വൈകിയാണ് ലഭിച്ചത്. ഇതിന് നല്‍കിയ മറുപടിയില്‍ ലോക്‌സഭ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് എംപി അറിയിച്ചു. എന്നാല്‍ ഈ മാസം കേസില്‍ അന്തിമ കുറ്റപത്രം നല്‍കേണ്ടതിനാല്‍ ഇളവ് നല്‍കാനാകില്ലെന്ന നിലപാടാണ് ഇ ഡി സ്വീകരിച്ചത്.

കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി നേരത്തെ ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. കേസില്‍ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇ ഡി കേസെടുത്തിരിക്കുന്നത്.

Read more

ഭൂസ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം ഹാജരാകാനായിരുന്നു ഇഡിയുടെ നിര്‍ദ്ദേശം. കരുവന്നൂര്‍ കേസിനെ സംബന്ധിച്ച ഇഡി സമ്മന്‍സ് രാഷ്ട്രീയ പകപോക്കലെന്നാണ് രാധാകൃഷ്ണന്‍ എംപി പ്രതികരിച്ചത്.