ജനതാദളില്‍ ഭിന്നത: വീരേന്ദ്ര കുമാര്‍ എല്‍ ഡി എഫിലേക്ക്,  ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍

ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ പാര്‍ട്ടി വിടുന്നു. ഇടതുമുന്നണിയിലക്ക് ചേക്കേറാനാണ് നീക്കമെങ്കിലും പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്ജ് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ക്കുകയാണ്. യു ഡി എഫില്‍ തുടരുന്നതാണ് നല്ലതെന്ന് നിലപാടിലാണ് അവര്‍. ഇതോടെ പാര്‍ട്ടിയില്‍ ഭിന്നിപ്പ് രൂക്ഷമായി. വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറും എല്‍ഡി എഫില്‍ ചേരുന്നതിനുള്ള നീക്കം നടത്തി വരികയാണ്.

സി പി എം ഇതിന സ്വാഗതം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഈ വാര്‍ത്ത നിഷേധിക്കുന്നു. നിലവില്‍ ഒരു പാര്‍ട്ടിയും യു ഡി എഫ് വിട്ട് പോകില്ലെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന മറ്റ് നേതാക്കാളായ കെ പി് മോഹന്‍, ഷേക് പി ഹാരിസ് എന്നിവരും യു ഡി എഫ് പ്രവേശം നിഷേധിച്ചിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വീരേന്ദ്ര കുമാര്‍ പറയുമ്പോഴും അഞ്ച് മാസമായി സമിതി ചേര്‍ന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

എല്‍ഡിഎഫിലേക്ക് പോകാന്‍ വ്യക്തിപരമായി താല്‍പര്യമുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തനിക്ക് വ്യക്തിപരമായി അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനും സി പി എ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി വിരേന്ദ്ര കുമാര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, അത് സൗഹൃദസംഭാഷണം മാത്രമായിരുന്നുവെന്നും രാഷ്ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫോ എല്‍ഡിഎഫോ എന്നതൊക്കെ എംപി സ്ഥാനം രാജിവെച്ച ശേഷം മാത്രമെ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.