സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നുവെന്നും വി ഡി സതീശൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനാണ് എംടിയെന്നും വി ഡി സതീശൻ കുറിച്ചു.

സതീശന്റെ അനുശോചനക്കുറിപ്പിന്‍റെ പൂർണരൂപം

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.

ആ പേനയിൽ നിന്ന് ‘ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ’ ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി. ‘നിങ്ങൾ എന്തിന് എഴുത്തുകാരനായി എന്ന് ഒരാൾ ചോദിച്ചാൽ എനിക്ക് പറയാനറിയാം. ആദ്യം മുതൽക്കെ ഞാൻ മറ്റൊന്നുമായിരുന്നില്ല’ – എന്ന് എം.ടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അർത്ഥവത്താണ്. അത് ജീവിതം കൊണ്ട് തെളിഞ്ഞതുമാണ്. മനുഷ്യനേയും മനുഷ്യനേയും ചേർത്ത് നിർത്തിയ സ്‌നേഹ സ്പർശമായിരുന്നു എം.ടി .

അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌ക്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു. ‘വടക്കൻ വീരഗാഥ’യിലെ ചന്തുവിനെ കണ്ട ശേഷമാണ് വില്ലൻമാരെന്ന് സമൂഹം മുദ്രകുത്തിയവരെ കുറിച്ച് ഞാൻ മാറി ചിന്തിച്ച് തുടങ്ങിയത്. ‘നിർമ്മാല്യ’ത്തിലെ വെളിച്ചപ്പാട് ഭയപ്പെടുത്തി. ‘സദയ’ത്തിലെ സത്യനാഥൻ എന്നെ അസ്വസ്ഥനാക്കി. ‘സുകൃത’ത്തിലെ രവിശങ്കർ നോവായി മനസിൽ നിന്നു. ‘പരിണയ’ത്തിലെ ഉണ്ണിമായ അന്തർജനത്തിന്റെ നിസഹായാവസ്ഥ പിടിച്ചുലച്ചു.

എം.ടിയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാൻ. മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജ്ജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം. ‘മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്’. ‘സ്വർഗം തുറക്കുന്ന സമയ’ത്തിൽ എം.ടി ഇങ്ങനെ പറയുന്നു. പക്ഷേ, ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു. സങ്കടം കടലാകുന്നു.

Latest Stories

ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ..; ലൈംഗികാതിക്രമ കേസിന് പിന്നാലെ ശ്രീകുമാറിനൊപ്പമുള്ള ചിത്രവുമായി സ്‌നേഹ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊല്യൂഷൻസിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം

എല്ലാം അനുകൂലമായി വന്നപ്പോൾ സഞ്ജുവിന് പണി കിട്ടാൻ സാധ്യത, താരത്തിന്റെ ആഗ്രഹത്തിന് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി; സംഭവം ഇങ്ങനെ

'തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനയെ പടുത്തുയത്തിയ സാമ്പത്തിക വിദഗ്ദ്ധൻ'; വാക്കുകൾക്കതീതനാണ് മൻമോഹൻ സിംഗ്

BGT 2024: ഐസിസി കാണിച്ചത് ഇരട്ടത്താപ്പ്, അവൻ ചെയ്ത തെറ്റിന് വമ്പൻ ശിക്ഷ കൊടുക്കേണ്ടതിന് പകരം മിട്ടായി കൊടുത്ത പോലെയായി ഇത്; ആരോപണവുമായി മൈക്കിൾ വോൺ

'കാലുമാറ്റക്കാരന്റെ കെട്ടുകഥ', ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി

ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി മെൽബണിൽ കറുത്ത ആം ബാൻഡ് അണിഞ്ഞ് ഇന്ത്യൻ താരങ്ങൾ