മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പാണക്കാട് നാളെ ലീഗ് നേതൃയോഗം ചേരും. മുഈന്‍ അലി തങ്ങളുടെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് നിര്‍ണായക യോഗം. മുഈന്‍ അലി ഇന്നലെ ലീഗ് ഹൗസിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടിക്ക് വലിയെ തിരിച്ചടിയായെന്നാണ് ലീഗിന്‍റെ വിലയിരുത്തൽ. പി കെ കുഞ്ഞാലിക്കുട്ടി നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങിയത് അടിയന്തര നടപടികളുദ്ദേശിച്ചാണെങ്കിലും ഇ ടി മുഹമ്മദ് ബഷീറിനെത്താനായില്ല. ഈ സാഹചര്യത്തിലാണ് യോഗം നാളേക്ക് മാറ്റിയത്.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മുഈൻ അലി തങ്ങളെ നീക്കിയേക്കുമെന്നാണ് സൂചന. പാർട്ടി അനുമതിയില്ലാതെ വാർത്താസമ്മേളനം നടത്തിയതിനാകും അച്ചടക്ക നടപടി. അന്തിമതീരുമാനം തങ്ങളുമായി സംസാരിച്ച ശേഷം ലീഗ് നേതൃത്വം സ്വീകരിക്കുമെന്നാണ് സൂചന.
ചികിത്സയിൽ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് നടപടി ബോദ്ധ്യപ്പെടുത്തും. ഇക്കാര്യത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ അടക്കം പിന്തുണ കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് സൂചന. അതേസമയം പാർട്ടിയിൽ വിമർശനമുയർത്തിയ കെ എം ഷാജി അടക്കമുള്ള നേതാക്കൾ മുഈനലിയുടെ പരസ്യവിമർശനത്തോടെ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ്. കുഞ്ഞാലിക്കുട്ടി വിമർശകരായ നേതാക്കളും നിലപാടെടുക്കാൻ തയ്യാറല്ല. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതായിരുന്നു മുഈന്‍ അലിയുടെ പരാമര്‍ശങ്ങള്‍. ലീഗ് നേതൃത്വം സമീപകാലത്ത് നേരിടുന്ന ഗുരുതരമായ ആരോപണമാണ് പാണക്കാട് കുടുംബത്തില്‍ നിന്നുമുണ്ടായത്.