പാലത്തായി പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി ശ്രീജിത്തിനെ വിളിച്ച ആള്‍ താനാണെന്നും വിളിച്ചത് അതിന്റെ ഗൗരവം മനസ്സിലാക്കാതെ ആണെന്നും മുഹമ്മദ് ഹാദി. മലപ്പുറം കാളികാവിലെ വാഫി പി.ജി കാമ്പസ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ കോട്ടക്കുന്ന് സ്വദേശിയുമാണ് മുഹമ്മദ് ഹാദി എന്നും സുപ്രഭാതം റിപ്പോർട്ട് ചെയ്തു.
കണ്ണൂർ പാലത്തായി പീഡനക്കേസിലെ പെൺകുട്ടിയുടെ മൊഴിയിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത് പറയുന്ന ശബ്ദരേഖ കഴിഞ്ഞ ആഴ്ച പുറത്തു വന്നിരുന്നു. കേസിലെ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്താനാവശ്യമായ തെളിവുകൾ പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ശബ്ദരേഖയിൽ മുഹമ്മദ് ഹാദി എന്നു പറഞ്ഞു പരിചയപ്പെടുത്തുന്ന ആളാണ് ഐ.ജി ശ്രീജിത്തിനെ ഫോൺ ചെയ്യുന്നത്. ഈ ശബ്ദരേഖ കേസ് അട്ടിമറിക്കാൻ ഐ.ജി ശ്രീജിത്ത് ഒരാളെ ഉപയോഗിച്ച് മുമ്പേ നിശ്ചയിച്ച പ്രകാരം നടത്തിയ സംഭാഷണമാണ് എന്ന വാദം ഉയർന്നിരുന്നു.
എന്നാൽ അന്വേഷണ ചുമതല ഉള്ള ശ്രീജിത്തിനെ അങ്ങോട്ട് വിളിക്കുകയായിരുന്നു എന്നും ഐ.ജിയെ പോലെ ഒരു ഉദ്യോഗസ്ഥന്‍ ഫോണ്‍ എടുക്കില്ല എന്ന് കരുതിയതിനാല്‍ യാതൊരു തയ്യാറെടുപ്പും ഇല്ലാതെയാണ് വിളിച്ചത് എന്നും മുഹമ്മദ് ഹാദി പറഞ്ഞതായാണ് റിപ്പോർട്ട്. വിളിച്ച ഉടന്‍ ഐ.ജി ഫോണ്‍ എടുത്തു. പാലത്തായി കേസിന്റെ വിശദാംശങ്ങള്‍ അറിയാന്‍ വേണ്ടിയാണ് വിളിച്ചത് എന്ന് പറഞ്ഞതോടെ പിന്നെ വിളിക്കൂ, ഇപ്പോള്‍ തിരക്കില്‍ ആണെന്ന് പറഞ്ഞ് ഐ.ജി ശ്രീജിത്ത് ഫോൺ വച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഐ.ജി തിരിച്ചു വിളിച്ചു. പിന്നീട് മുഹമ്മദ് ഹാദി താൻ റെക്കോഡ് ചെയ്ത ഫോണ്‍ സന്ദേശം ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ പങ്കു വെയ്ക്കുകയും തുടർന്ന് അത് വൈറല്‍ ആവുകയുമായിരുന്നു.