മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേല്‍നോട്ട സമിതി യോഗം ചേരണമെന്നു പോലും ആവശ്യപ്പെടാത്ത കേരള സര്‍ക്കാര്‍ കൈയും കെട്ടി നോക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നതു പോലെയാണ് പെരുമാറുന്നത്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്താതെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട് രാത്രിയില്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. അതീവ ദയനീയമാണ് സ്ഥിതി. തമിഴ്നാട് ജലം തുറന്നു വിടുന്നത് വേദനാജനകമാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് സതീശന്‍ പറഞ്ഞു. അത് കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ല. 2014 ല്‍ സുപ്രീംകോടതി നിയമിച്ച മേല്‍നോട്ട സമിതിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചെയര്‍മാനും കേരളത്തിന്റേയും തമിഴ്‌നാടിന്റേയും പ്രതിനിധികളും ഉണ്ട്. ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കി വിടും മുമ്പ് തമിഴ്‌നാട് കേരളത്തെ ആ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശം ഉള്ളതാണ്. രാത്രിയിലും വെള്ളം തുറന്ന് വിടാന്‍ പാടില്ല. ഇതൊന്നും തമിഴ്‌നാട് പാലിക്കുന്നില്ലെന്ന് സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയക്കുക മാത്രമാണ് ചെയ്തത്. വിഷയത്തില്‍ മേല്‍നോട്ട സമിതി കൂടാത്തതിനെയും, വേണ്ട ചര്‍ച്ചകള്‍ നടക്കാത്തതിനെയും സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന് ഭയമാണെന്നും, അതാണ് ശക്തമായി പ്രതികരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ട ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും, സ്ഥിതി ഗുരുതരമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
Read more
മുഖ്യമന്ത്രി കത്തെഴുതിയ ശേഷവും അഞ്ചാം തവണയും മുല്ലപ്പെരിയാര്‍ രാത്രിയില്‍ തന്നെ തുറന്നു വിട്ടിരുന്നു. രാത്രി കാലങ്ങളില്‍ വെള്ളം ഒഴുക്കി വിടുന്നത് മൂലം പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ്. ഇന്നലെയും രാത്രി തമിഴ്നാട് ഒമ്പത് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ക്രമാതീതമായി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയ ഷട്ടറുകളിലൂടെ 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഈ വര്‍ഷം ഒഴുക്കി വിട്ടതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. അതേസമയം കേരളം ഉടന്‍ മുല്ലപ്പെരിയാര്‍ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് സൂചന.