മുല്ലപ്പെരിയാര്‍ ഡാം എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. റൂള്‍ കര്‍വ് അനുസരിച്ചാണ് പ്രളയനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. കേന്ദ്ര ജലക്കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
അണക്കെട്ടും ഡാമിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ മഴ കുറവാണ്. മുന്നറിയിപ്പ് നല്‍കാതെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റൂള്‍ കര്‍വ് പാലിക്കുന്നതിനായി വൈഗ അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
ഡാം തുറക്കുന്നതിന് മുമ്പ് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഘട്ടം ഘട്ടമായാണ് അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്ക് വിട്ടത്. ഉദ്യോഗസ്ഥരുമായി കൃത്യമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും കത്തില്‍ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഡാമിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയന്‍ സ്റ്റാലിന് നേരത്തെ കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്റ്റാലിന്റെ കത്ത്.
അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. രാവിലെ മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിരുന്നു.