മുല്ലപ്പെരിയാര്‍ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് കേരളത്തിലെ എംപിമാര്‍. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് അണക്കെട്ട് തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തമിഴ്‌നാടിന്റേത് മനുഷ്യത്വവിരുദ്ധ നിലപാടാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റകരമായ മൗനമാണ് തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനജീവിതം ദുരിതത്തിലാക്കുന്ന സമീപനമാണ് തമിഴ്‌നാടിന്റേതെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവന് യാതൊരു വിലയും നല്‍കുന്നില്ല. ഇത് അംഗീകരിക്കാനാവില്ല. സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുകയാണ് ആദ്യ ഘട്ടം. അത് കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. അന്തര്‍ സംസ്ഥാന വിഷയം ആയതുകൊണ്ട് പ്രധാനമന്ത്രിക്ക് ഇടപെടാനാകും. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ജോസ് കെ മാണി അറിയിച്ചു. തമിഴ്നാട് ശത്രുത അവസാനിപ്പിച്ച് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് തോമസ് ചാഴിക്കാടന്‍ എംപിയും വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി. യുദ്ധത്തില്‍ സൈന്യാധിപന്‍ കാലുമാറിയത് പോലെയാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങള്‍ മുങ്ങി മരിക്കുന്ന സാഹചര്യം വന്നിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. തമിഴ്‌നാട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
Read more
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ കേരളം സുപ്രീംകോടതയെ സമീപിക്കും. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് അറിയുന്നത്. രാത്രികാലങ്ങളില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്ന് വിടുന്നതിനെതിരെ നിരവധി തവണ കേരളം തമിഴ്നാടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമിഴ്‌നാടിനെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇത് തുടര്‍ന്നതോടെയാണ് നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയും തമിഴ്‌നാട് 9 ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്ന് വിട്ടിരുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ പ്രതിഷേധം ശക്തമായിരുന്നു.