മുല്ലപ്പെരിയാറിലെ മരംമുറി വിഷയവുമായി ബന്ധപ്പെട്ട സുപ്രധാന സര്‍ക്കാര്‍ രേഖകള്‍ പുറത്തുവന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചര്‍ച്ചകളുടെ മിനിട്‌സാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സെപ്തംബര്‍ 17-ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായാണ് മിനിട്‌സില്‍ രേഖപ്പടുത്തിയിട്ടുള്ളത്.
ഡാമിലേക്കുള്ള റോഡ് നവീകരണത്തിന്റയും മരംമുറി വിഷയത്തിന്റെയും അപേക്ഷകള്‍ പരിഗണനയിലാണെന്ന് ചര്‍ച്ചയില്‍ കേരളം സമ്മതിച്ചതായും മിനിട്‌സില്‍ വ്യക്തമാണ്.
മുല്ലപ്പെരിയാറിലെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നവംബര്‍ ഒന്നിന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പുറത്തുവന്നതോടെ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിയ്ക്കുന്നതിനുള്ള ഉത്തരവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിട്ടില്ലെന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങള്‍ പൊളിഞ്ഞിരുന്നു.
ജലവിഭവ സെക്രട്ടറി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മരംമുറിക്ക് അനുമതി നല്‍കിയത് എന്നാണ് പിസിസിഎഫിന്റെ ഉത്തരവില്‍ കൊടുത്തിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ ഉത്തരവിലെ മൂന്നാം റഫറന്‍സിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും തമിഴ്‌നാട് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ബേബി ഡാമിന് സമീപം സംയുക്ത പരിശോധന നടത്തിയത്, അതില്‍ ജലവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നില്ല എന്നും ഒന്നാം തീയതി അനൗദ്യോഗിക ചര്‍ച്ചകള്‍ പോലും നടന്നിരുന്നില്ല എന്നും ആണ് റോഷി അഗസ്റ്റിന്‍ നേരത്തെ പറഞ്ഞിരുന്നത്. ചര്‍ച്ച നടന്നതായി തെളിയിക്കുന്ന രേഖകളൊന്നും ഇല്ലെന്നാണ് ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി കെ ജോസ് അറിയിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. അതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.