സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമല വിഷയം വീണ്ടും ചർച്ചയാവുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പാർട്ടിയുടെയും സർക്കാരിൻറെയും നിലപാട് സമാനമാണോയെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രനും നിലപാട് വ്യക്തമാക്കണം. അതേസമയം തന്നെ ശബരിമല യു.ഡി.എഫിന്റെ പ്രധാന വിഷയമല്ലെന്നും വികസനമാണ് മുദ്രാവാക്യമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇടപെട്ടില്ല. കെ. സുധാകരന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണ്. കോ-ലീ-ബി സഖ്യമെന്നത് പൊതുജനം വലിച്ചെറിഞ്ഞ ആരോപണമാണ്. സി.പി.എം-ബി.ജെ.പി ബന്ധം പുറത്തായതിന്റെ വെപ്രാളമാണിത്. നേമത്തെ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സി.പി.എം നിലപാട് ശരിയായിരുന്നുവെന്നാണ് യെച്ചൂരി ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ല. ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയമെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.
Read more
വിവാദ വിഷയങ്ങൾ ഒഴിവാക്കി വികസനത്തിൽ ഊന്നി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെ യെച്ചൂരി തന്നെയാണ് ശബരിമലയെ കേന്ദ്രബിന്ദുവാക്കിയത്. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച എൽ.ഡി.എഫ് ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.