കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എംപി ഒപ്പ് വെയ്ക്കാതിരുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. അച്ചടക്കം തരൂരിനും ബാധകമാണെന്നും, അറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് കൊച്ചുകുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. തരൂര്‍ മാത്രം വിഷയം പഠിച്ചിട്ടില്ല എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനായി നടത്തുന്ന ഗൂഢനീക്കമാണ്. കോണ്‍ഗ്രസിന്റെ സംസ്‌കാരം ഇതല്ല. ശശി തരൂര്‍ അന്താരാഷ്ട്ര പ്രസിദ്ധനായ ഒരു രാജ്യതന്ത്രഞ്ജനോ, ഏറ്റവും മികച്ച പ്രാസംഗികനോ, ഏറ്റവും വലിയ എഴുത്തുകാരനോ ആയിരിക്കാം. പക്ഷെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തത്വങ്ങളും മര്യാദകളും, അച്ചടക്കവും അദ്ദേഹം പഠിക്കേണ്ടതായിട്ടുണ്ട്. ഭൂരിപക്ഷ എംപിമാരും കെ റെയിലിന് എതിരായി നിലപാട് എടുക്കുമ്പോള്‍ ശശി തരൂര്‍ മാത്രം മാറി നിന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ആളാണ് അദ്ദേഹം. അപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരന്‍ ആണെന്നും, പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തില്‍ ഹൈക്കമാൻഡ് ഇടപെടണം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കാനുള്ള നീക്കത്തെ പിന്തുണച്ച ആളാണ് തരൂര്‍ എന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും നിവേദനത്തില്‍ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയില്‍ പദ്ധതിക്ക് ഞാന്‍ നിലവില്‍ അനുകൂലമാണ് എന്നതല്ല അര്‍ത്ഥമെന്നും ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read more
പദ്ധതിക്കെതിരെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. കൂടുതല്‍ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് നിവേദനം സമര്‍പ്പിച്ചത്. എന്നാല്‍ ശശി തരൂര്‍ മാത്രം ഇതില്‍ ഒപ്പ് വെച്ചിരുന്നില്ല. തരൂരിന്റെ നിലപാട് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. കെ റെയിലില്‍ ഉള്‍പ്പെടെ ശശി തരൂര്‍ വ്യത്യസ്ത നിലപാട് എടുക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പിണറായിയെ നിരന്തരം പുകഴ്ത്തുന്നതിലും പാര്‍ട്ടിയില്‍ വിയോജിപ്പുണ്ട്. കെ റെയില്‍ വിഷയത്തില്‍ വ്യക്തത വരുത്താന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും, വിഡി സതീശനും തരൂരിനോട് സംസാരിക്കും.