'സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനം'; പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി, പിന്നാലെ ജപ്തി നോട്ടീസ് മരവിപ്പിച്ച് എസ്‌സി- എസ്ടി കമ്മീഷൻ

കൃഷി ഇറക്കാൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനാൽ കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ച വാർത്തയ്ക്ക് പിന്നാലെ സഹായവുമായി മുംബൈ മലയാളി. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുബൈ മലയാളിയാണ് കര്‍ഷകന്‍ പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി രംഗത്തെത്തിയത്. ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു.

പേര് വെളിപ്പെടുത്തണ്ടെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്നും പറഞ്ഞാണ് മുബൈ മലയാളി പണം കൈമാറിയത്. അടിയന്തരമായി 17600 രൂപയാണ് ബാങ്കില്‍ അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് എസ്‌സി- എസ്ടി കമ്മീഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചു.

സഹായിച്ചയാൾക്കു നന്ദിയുണ്ടെന്നു പ്രസാദിന്റെ ഭാര്യ ഓമന പ്രതികരിച്ചു. രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീർക്കാൻ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. രണ്ട് മാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കർഷകർ കെജി പ്രസാദ് ആത്മഹത്യ ചെയ്തത്. കർഷകന്റെ ആത്മഹത്യയും, മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും താൻ പരാജയപ്പെട്ടെന്ന കുറിപ്പും ഏറെ ചർച്ചയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നയങ്ങളാണ് പ്രസാദിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നടക്കമുള്ള ആരോപങ്ങൾ അന്ന് ഉയർന്നിരുന്നു.

സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തുകയും ചെയ്തിരുന്നു. എന്നാൽ വന്നവരെല്ലാം വാഗ്ദാനങ്ങൾ നൽകി മടങ്ങി. പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് 2022 ആഗസ്റ്റിൽ 60,000 രൂപ സ്വയം തൊഴിൽ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് ആയിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.

പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 11 ന് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഭർത്താവ് മരിക്കുന്നതിന് മുമ്പ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്.