മുനമ്പത്ത് വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അതിനിടയില്‍ രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്ന അന്വേഷണത്തിലാണ് പ്രതിപക്ഷനേതാവും കൂട്ടരും. ബിജെപിയുടെ പ്രധാന നേതാക്കള്‍ മുനമ്പത്ത് വരുന്നു. മണിപ്പുര്‍ സന്ദര്‍ശിക്കാത്ത ബിജെപി നേതാക്കളാണ് ഇവിടേക്ക് വരുന്നത്. മണിപ്പുരില്‍ അത്രയും സംഭവങ്ങള്‍ നടന്നിട്ട് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല.
മുനമ്പം വിഷയത്തില്‍ നിയമക്കുരുക്കഴിച്ച് ശാശ്വതപരിഹാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വഖഫ് നിയമത്തിന് മുന്‍കാല പ്രാബല്യമില്ലെന്ന മാധ്യമവാര്‍ത്ത തെറ്റാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മുന്‍കാല പ്രാബല്യമില്ലെന്നാണ് കോടതി പറഞ്ഞത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. കരം അടയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. കരം അടയ്ക്കുന്നതിനെതിരെ വഖഫ് ബോര്‍ഡില്‍ പ്രമേയം കൊണ്ടുവന്നത് ആരാണെന്നും അദേഹം ചോദിച്ചു.
അതേസമയം, മുനമ്പത്തെ ജനങ്ങള്‍ക്ക് ഭരണഘടന അവകാശമുണ്ടെന്നും അതാണ് തന്റെയും ബിജെപിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. മുനമ്പത്തെ ജനങ്ങളുടെ അവകാശം ഭാരതം ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുനമ്പത്തെ ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും. എപ്പോഴും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. ആരെങ്കിലും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമ്‌ബോള്‍ മുനമ്പത്തെ ജനങ്ങളെ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മുനമ്പത്ത് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ ആയിരുന്നുവെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.