മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതാ പ്രതിനിധി സംഘം സമരഭൂമി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദേഹം.
സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാര്‍ നീലങ്കാവില്‍ പറഞ്ഞു. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കില്‍ മാത്രം കണ്ണുവെക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് മാര്‍ നീലങ്കാവില്‍ കൂട്ടിച്ചേര്‍ത്തു.
അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി കാക്കശേരി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്‍, ഫാ. വര്‍ഗീസ് കൂത്തൂര്‍, ഫാ. അനീഷ് കൂത്തൂര്‍, ഫാ. ലിവിന്‍ ചൂണ്ടല്‍, ഷിന്റോ മാത്യു, എല്‍സി വിന്‍സെന്റ്, കെ.സി ഡേവിസ്, എ.എ ആന്റണി തുടങ്ങിയവര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.