മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ല; വഖഫ് ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കും; ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

വഖഫ് ഭൂമി പ്രശ്‌നത്തില്‍ മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്നും ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം ഭൂമിപ്രശ്നത്തക്കുറിച്ച് സംസാരിക്കാനെത്തിയ കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തിലുള്ള സമരസമിതിക്കും സഭാനേതൃത്വത്തിനുമാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്‍കിയത്. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു നിര്‍ണായകമായ കൂടിക്കാഴ്ച.

മുനമ്പം വിഷയത്തില്‍ ശാശ്വതപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കഴിയാനാണ് കാക്കുന്നത്. 22ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ശാശ്വതപരിഹാരം ആവശ്യപ്പെട്ടുള്ള നിവേദനം സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നല്‍കി.

Read more

അതേസമയം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തിയാണുള്ളതെന്ന് കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍ വ്യക്തമാക്കി. ചര്‍ച്ച അങ്ങേയറ്റം ഊഷ്മളമായിരുന്നു. പ്രശ്നപരിഹാരം സംബന്ധിച്ച് നൂറുശതമാനം പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടപ്പുറം വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി, കെഎല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വക്താവ് ജോസഫ് ജൂഡ്, വേളാങ്കണ്ണിമാതാ പള്ളി വികാരി ആന്റണി സേവ്യര്‍ തറയില്‍ എന്നിവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.