മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി; കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമോ എന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ കൂടിയാലോചന നടക്കുന്നതായും കേന്ദ്രത്തിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ നാഗാലാന്റ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തണമെന്നും അമിക്കസ് ക്യൂറി കോടതിയില്‍ ആവശ്യപ്പെട്ടു.