വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ വായ്പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.
ചൂരൽമലയിലെ പ്രാഥമിക പട്ടികയിൽ ഉള്ള 9 പേരുടെ വായ്പകളാണ് നിലവിൽ എഴുതിതള്ളാൻ കേരള ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ മരിച്ചവരും വീടും സമ്പാദ്യവും പൂര്‍ണായും നഷ്ടപ്പെട്ടവരും ഉൾപ്പെടും.അതേസമയം മറ്റ് ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിലും അനുഭാവപൂര്‍വം നിലപാടെടുക്കുമെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്.
നേരത്തെ 50 ലക്ഷം രൂപ കേരള ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ഇത് കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.