മൂന്നാറില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം. ആന്ധ്രസ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു.
ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയവരാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴരയോടെ ചിന്നക്കനാൽ ഭഗത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വാഹനം കോടമഞ്ഞ് കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ബൈസൺവാലി റോഡിലേക്ക് പതിക്കുകയായിരുന്നു.
500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ കാറിൽ എട്ടുമാസം പ്രായമായ കുട്ടിയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നത്. എട്ട് മാസം പ്രായമുളള നൈസാ അപകട സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മുപ്പത്തിരണ്ടുകാരനായ നൗഷാദ് മരിച്ചത്.
സമീപത്തെ തോട്ടങ്ങളിൽ ജോലി ചെയ്‌തിരുന്ന തോട്ടം തൊഴിലാളികളാണ് വാഹനം കൊക്കയിലേക്ക് പതിക്കുന്നത് കണ്ടതും രക്ഷാപ്രവർത്തനം നടത്തിയതും. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി.
അപകടത്തിൽ പെട്ട വാഹനത്തിൽ പരുക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.