പെരിങ്ങരയിലെ സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപിന്റേത് അത്യന്തം ക്രൂരമായ കൊലപാതകമാണെന്നും ആര്‍എസ്എസ്- ബിജെപി സംഘം ആസൂത്രിതമായി കൊലനടത്തുകയായിരുന്നെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതക ഗൂഢാലോചന കണ്ടെത്തണമെന്നും അതിനായി ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലയാളി സംഘത്തെ ജനത്തിനിടയില്‍ നിന്നും ഒറ്റപ്പെടുത്തണം. ഇവരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ജനം രംഗത്തിറങ്ങണമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയുടെ 20 പ്രവര്‍ത്തകർ കൊലചെയ്യപ്പെട്ടു. ഇതില്‍ 15 പേരെ കൊന്നതും ബിജെപി- ആര്‍എസ്എസ് സംഘമാണ്. ഇതിനകം കേരളത്തില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായത് 215 സിപിഐ എമ്മുകാരാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തില്‍ 588 സിപിഐ എം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു
ഇത്തരം കൊല നടത്തി പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്ന് മുന്‍കാലങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എമ്മിന്റെ മുദ്രാവാക്യമല്ല. ആര്‍എസ്എസുകാര്‍ സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ പെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം. പത്തനംതിട്ടയില്‍ വിവിധ പ്രദേശത്ത് പ്രത്യേകമായി പരിപാടി സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.