പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിൻ്റെ കൊലപാതകം; കുറ്റാരോപിതരെ ജുവനൈൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കും

കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മരണത്തിൽ ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ ആലോചന. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം.

നേരത്തെ ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പ്രതിഷേധം കനക്കുകയായിരുന്നു. ജുവൈനൽ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. അതേസമയം ജുവൈനൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസും കെഎസ്‌യുവും മാർച്ച് നടത്തി. ജുവൈനൽ ഹോമിലേക്ക് അതിക്രമിച്ച് കയറിയവർ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.

ഇക്കഴിഞ്ഞ ദിവസത്തെ വിദ്യാർത്ഥികളുടെ സംഘർഷത്തെ തുടർന്നാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ട്യൂഷൻ സെന്ററിലെ സെന്റോഫുമായി ബന്ധപ്പെട്ട തർക്കമാണ് ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടാൻ കാരണമായത്. ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടിയിരുന്നു.

Read more