വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശ് എം.പി.ഉന്നയിച്ച ആരോപണം നിഷേധിച്ച് വാമനപുരം എം.എല്‍.എ, ഡി.കെ.മുരളി. 2019-ൽ വേങ്ങോട് ക്ഷേത്രത്തിൽ ഡി കെ മുരളി എംഎൽഎയുടെ മകനുമായുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് വെഞ്ഞാറമൂടിലെ ഇരട്ടക്കൊലപാതകമെന്നായിരുന്നു അടൂര്‍ പ്രകാശ് എംപിയുടെ ആരോപണം. ആ സംഭവവും അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
ക്ഷേത്രത്തില്‍ ഉത്സവം നടന്ന സമയത്ത്, വാമനപുരം എംഎല്‍എയുടെ മകനെ അവിചാരിതമായി ഒരു സ്ഥലത്ത് കണ്ടപ്പോള്‍ ചിലര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അടിപിടിയുണ്ടാകുകയും പിന്നീട് പ്രദേശത്ത് തുടര്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.
എന്നാല്‍ അടൂര്‍പ്രകാശിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡി.കെ.മുരളി പ്രതികരിച്ചു. വേങ്ങമല ഉത്സവത്തിനോ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കോ തന്റെ മകന്‍ പോയിട്ടില്ലെന്നും ഒരു തര്‍ക്കത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും മുരളി പറഞ്ഞു. സ്വന്തം കുറ്റബോധം കൊണ്ട് ബോധപൂര്‍വ്വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി. അടൂര്‍ പ്രകാശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
കേസിലെ പ്രതികളിലൊരാള്‍ നേരത്തെയുണ്ടായ ആക്രമണത്തിന് ശേഷം അടൂര്‍ പ്രകാശിനെ വിളിച്ചതായി പറയപ്പെടുന്ന ഫോണ്‍ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പുറത്തു വിട്ടിരുന്നു.