വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുനരധിവാസ ഫണ്ട് ശേഖരണം രണ്ട് ദിവസം കൊണ്ട് തന്നെ 4.23 കോടി കവിഞ്ഞു. പത്ത് രൂപ മുതല്‍ 50 ലക്ഷം രൂപവരെയാണ് മണിക്കൂറില്‍ എത്തികൊണ്ടിരിക്കുന്നത്. പ്രത്യേക ആപ്പ് വഴിയാണ് തുകകള്‍ സ്വീകരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ നിന്നുമാത്രം 1.95 കോടി രൂപയാണ് പുനരധിവാസ ഫണ്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തുന്ന അതേ തുക ശേഖരിക്കാന്‍ മുസ്ലീം ലീഗിനായിട്ടുണ്ട്. ദുരന്ത ഭൂമിയായ വയനാടിന് വേണ്ടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഫണ്ട് ശേഖരണത്തിന് തുടക്കമിട്ടത്.
ദുരന്തത്തിന്റെ ആഘാതം വിട്ടുമാറാത്ത വയനാട്ടില്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുമായി ചേര്‍ന്ന് പി.കെ ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക സമിതിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പുനരധിവാസ ഫണ്ട് വിജയിപ്പിക്കാന്‍ ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും പോഷക ഘടകങ്ങളുടെ കീഴ് ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. പരമാവധി വീടുകള്‍ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തണം. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഫണ്ട് സമാഹരണത്തിന് ശാഖാ കമ്മിറ്റികള്‍ നേതൃത്വം നല്‍കണം. അതാത് രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികള്‍ പ്രത്യേകം യോഗം ചേര്‍ന്ന് നിശ്ചിത സമയത്തിനകം സംസ്ഥാന കമ്മിറ്റിക്ക് തുക കൈമാറേണ്ടതാണ്.
Read more
നാട്ടിലുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ആപ്പ് വഴി സ്വന്തം യൂണിറ്റുകള്‍ തെരഞ്ഞെടുത്ത് പണമയയ്ക്കാവുന്നതാണ്. ആഗസ്ത് 15ന് ഫണ്ട് സമാഹരണം അവസാനിപ്പിച്ച് പുനരധിവാസ പാക്കേജ് അനുസരിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് പുനരധിവാസ ഫണ്ടുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് ഉണ്ടായതെന്നും ദുരന്തത്തിന് ഇരയായവരെ ചേര്‍ത്തുപിടിക്കാന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും പി.എം.എ സലാം പറഞ്ഞു.