മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല; പദവിയേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്; തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമുണ്ടെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ച് എംകെ മുനീര്‍

മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ലെന്ന് എം.കെ മുനീര്‍. മുഖ്യമന്ത്രിപദവി യേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിതെന്നും, തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി വിപുലീകരണത്തിന് നിലവില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അത് നിര്‍വഹിക്കും. കേരള കോണ്‍ഗ്രസിന്റെ യുഡിഎഫ് പുനപ്രവേശനത്തെ കുറിച്ച് അദേഹം പറഞ്ഞു.

ഒരുമിച്ച് ചായ കുടിക്കാന്‍ ഇരുന്നാലും നിഗൂഢ ചര്‍ച്ചകള്‍ നടന്നു എന്ന് വാര്‍ത്തകള്‍ വരുന്നു. മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ട് വരാന്‍ ലീഗിന് ഒറ്റക്ക് കഴിയില്ലന്നും മുനീര്‍ വ്യക്തമാക്കി.

അദേസമയം, നേരത്തെ രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ആരെങ്കിലും പുകഴ്ത്തിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയാകില്ലെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസിന് ചില ചിട്ടവട്ടങ്ങളുണ്ടെന്നും നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ സാമുദായിക നേതാക്കള്‍ പുകഴ്ത്തിയതിന് പിന്നാലെയാണ് കെ മുരളീധരന്റെ പരിഹാസം.

നേരത്തെ വിഡി സതീശനെ കുറ്റപ്പെടുത്തിയും രമേശ് ചെന്നിത്തലയെ പുകഴ്ത്തിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും രംഗത്ത് വന്നിരുന്നു. ഇതുകൂടാതെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും ചെന്നിത്തലയെ പിന്തുണച്ച് അഭിപ്രായം പ്രകടമാക്കിയിരുന്നു.

വെള്ളാപ്പള്ളി നടേശന്‍ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള പക്വതയുണ്ടെന്നായിരുന്നു പറഞ്ഞത്. ഇതിന് മറുപടിയായാണ് കെ മുരളീധരന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്. മുഖ്യമന്ത്രിയെ നിര്‍ണയിക്കാന്‍ നിയമസഭാകക്ഷിയുടെ ഭൂരിപക്ഷം നോക്കേണ്ടതുണ്ട്. ഡല്‍ഹിയുടെ അഭിപ്രായം അറിയണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്ളപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചചെയ്യേണ്ട ഒരാവശ്യവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഗ്രൂപ്പിന്റെ കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കള്‍ക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കള്‍ക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോള്‍ ആളുകള്‍ കൂടുന്നത് സ്വാഭാവികം. തന്റെ പിന്നിലും ഇങ്ങനെ പലപ്പോഴും ആളുകള്‍ കൂടിയിട്ടുണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.