എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാൻ ലീഗ് നേതൃത്വം ഇടപെടുന്നു. പരാതി പിന്‍വലിക്കുകയാണെങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്ന് ലീഗ് നേതൃത്വം ഹരിതയുടെ നേതാക്കൾക്ക് വാഗ്ദാനം നൽകി. എന്നാൽ ഹരിത നേതാക്കൾ വിസമ്മതിച്ചു. അച്ചടക്ക നടപടിയെടുത്ത് കഴിഞ്ഞ് പരാതി പിന്‍വലിക്കാമെന്നാണ് ഇവരുടെ നിലപാട്.
ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടിയെടുപ്പിക്കാനാണ് കുറ്റാരോപിതനായ പി.കെ നവാസ് ഉൾപ്പടെയുള്ളവരുടെ ശ്രമം. മുസ്‍ലിം ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ തീർക്കാനാകാതെ നേതൃത്വം വിഷമിക്കുന്നതിനിടയിലാണ് പുതിയ പ്രശ്നം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഹരിത നേതാക്കൾ പി.കെ നവാസിനെതിര ലീഗ് നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെങ്കിലും നടപടി എടുക്കാതിരുന്നതിനാലാണ് ഇവർ വനിത കമീഷനെ സമീപിച്ചത്.
എം.എസ്.എഫ് ഭാരവാഹികള്‍ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരോട് സംസാരിച്ചു. പരാതി പിന്‍വലിക്കുകയാണങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്. പക്ഷേ ആദ്യം നടപടി, പിന്നീട് പരാതി പിന്‍വലിക്കല്‍ എന്ന നിലപാടിലാണ് ഹരിത നേതൃത്വം.
ഹരിത ഭാരവാഹികള്‍ വനിതാ കമീഷന് നല്‍കിയ പരാതി സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ പി.കെ നവാസും ചില നേതാക്കളും ഹരിത നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. മലപ്പുറം ജില്ലാകമ്മിറ്റി പുനസംഘടനയെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിൽ തങ്ങളെ പ്രതിക്കൂട്ടിലാക്കുകയാണെന്നാണ് പി.കെ നവാസിന്‍റെ വിശദീകരണം.
ഇത്തരം കാര്യങ്ങള്‍ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്ന അഭിപ്രായം പരസ്യമായി തന്നെ ചിലർ പ്രകടിപ്പിച്ചുകഴിഞ്ഞു. പരാതിയുമായി വനിതാ കമീഷനെ സമീപിച്ചവര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതോടെ പ്രശ്നം കൂടുതൽ വഷളാകുമെന്നും പൊതുസമൂഹത്തിൽ പാർട്ടിക്ക് കൂടുതൽ നാണക്കേടുണ്ടാക്കുമെന്നും ഉള്ള നിലപാടിലാണ് ഒരു വിഭാഗം.