ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ പോണ്‍ നടി മിയ ഖലീഫയേയും വരെ മുസ്ലിം ലീഗ് അംഗത്വപട്ടികയില്‍ ചേര്‍ത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ലീഗ് നേതൃത്വം. സംസ്ഥാനകമ്മിറ്റി നിയോഗിക്കുന്ന അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. കുറ്റക്കാരെ പുറത്താക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന.
തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡില്‍നിന്നാണ് ഇവര്‍ പട്ടികയില്‍ കടന്നു കൂടിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്യാമ്പയിനില്‍ അംഗങ്ങളെ കൂട്ടാന്‍ നടത്തിയ തട്ടിപ്പാണ് ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ലീഗ് കണ്ടെത്തിയിട്ടുണ്ട്.
വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണമെന്നാണ് നിയമം.
ഓരോ വാര്‍ഡിനും ഓരോ പാസ്വേഡും നല്‍കിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് പരിശോധിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം പുതിയ പ്രവര്‍ത്തകരുടെ പേര് കണ്ട് ഞെട്ടിയത്.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.