മുസ്ലീം ലീഗിലെ എം.പിമാർക്കെതിരെ ലീഗിൽ നിന്നുതന്നെ വിമർശനം. ന്യൂനപക്ഷ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ മുസ്ലീം ലീഗ് എം.പിമാർ തുടർച്ചയായി പരാജയപ്പെടുന്നുവെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മൊയീൻ അലി. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ഇ.കെ സുന്നി വിഭാഗം നേതാവും കൂടിയാണ് മൊയീൻ
ന്യൂനപക്ഷം ഏറെ ആശങ്കയോടെ കാണുന്ന മുത്തലാഖ് വിക്ഷയത്തിൽ മുസ്ലീം ലീഗിന് പാർലമെന്റിൽ നിരന്തരം വീഴ്ച സംഭവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുത്തലാഖ് ബിൽ അവതരണ സമയത്ത് രാജ്യസഭയിൽ കൃത്യസമയത്ത് ഹാജരാവാതിരുന്ന അബ്ദുൾ വഹാബ് എം.പി സ്ഥാനമൊഴിയണം എന്നും മൊയീൻ അലി അഭിപ്രായപ്പെട്ടു.
നേരത്തെ ലോക്സഭയിൽ മുത്തലാഖ് ബില്ല് അവതരിപ്പിച്ചപ്പോഴും തുടർന്നുള്ള ചര്‍ച്ചകളിലും ലീഗ് എം.പിമാരുടെ സമീപനം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ യുവാവിനെ ചുട്ടു കൊന്ന സംഭവത്തിലടക്കം ലീഗ് എം.പിമാർ പാർലമെൻറിൽ പ്രതികരിച്ചില്ലെന്നും മുസ്ലീം വിഭാഗത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് എം.പി മാർ ഉയർന്നില്ലെന്നും മൊയിൻ അലി വ്യക്തമാക്കി.
മുത്തലാഖ് വിഷയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതൽ നാല് മണിക്കൂർ നേരമാണ് ചർച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാൽ വൈകുന്നേരം അഞ്ച് മണി കഴിഞ്ഞും ചർച്ച തുടർന്നെങ്കിലും അബ്ദുൾ വഹാബ് എം .പി എത്തിയില്ല. ബില്ലിന് എതിരെ വോട്ട് ചെയ്തെങ്കിലും നിയമനിർമ്മാണത്തെ എതിർക്കുന്ന കക്ഷിയെന്ന നിലയിൽ ലീഗിന്റെ നിലപാട് സഭയിൽ അവതരിപ്പിക്കാനാവാതെ പോയത് പാർട്ടിയിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായി. അതേസമയം വിഷയത്തിൽ സഭാ സമ്മേളനം കഴിഞ്ഞ് പ്രതികരിക്കാമെന്നാണ് അബ്ദുൾ വഹാബ് എം.പി യുടെ നിലപാട്.
Read more
നേരത്തെ എന്‍.ഐ.എ ഭേദഗതി ബില്ലിൽ എതിർത്ത് വോട്ട് ചെയ്യാതിരുന്നതും മുത്തലാഖ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുന്ന വേളയിൽ കുഞ്ഞാലിക്കുട്ടി എം.പി വൈകിയെത്തിയതും ലീഗിലെ യുവാക്കൾക്കിടയിലും നേതൃത്വത്തിനുമിടയിൽ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.