മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്നും രണ്ട് സീറ്റില്‍ തന്നെ പാര്‍ട്ടി മല്‍സരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മലപ്പുറത്തും പൊന്നാനിയിലും തന്നെ മുസ്ലീം ലീഗ് മല്‍സരിക്കും. കാര്യങ്ങളും ഘടകങ്ങളും ലീഗിനെ ബോധിപ്പിച്ചുവെന്നും ഒരു രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാന്‍ തീരുമാനമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.16 സീറ്റില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.
മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ കോണ്‍ഗ്രസ് അറിയിച്ചു. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കി കൊണ്ട് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ വിജയിച്ചുവെന്നാണ് യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ വ്യക്തമാകുന്നത്. ആദ്യം വരുന്ന രാജ്യസഭ സീറ്റ് മുസ്ലീം ലീഗിന് അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോണ്‍ഗ്രസിന് എന്നിങ്ങനെയാണ് യുഡിഎഫിന്റെ ഫോര്‍മുല.
രാജ്യസഭ സീറ്റ് റൊട്ടേഷന്‍ രീതിയില്‍ കോണ്‍ഗ്രസ്സും ലീഗും പങ്കിടുന്ന ഫോര്‍മുല മുസ്ലീം ലീഗ് അംഗീകരിച്ചുവെന്ന് വി ഡി സതീശന്‍ അറിയിച്ചു. കോണ്‍ഗ്രസ്സ് സീറ്റ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഉടന്‍ തീരുമെന്നും നാളെ സ്‌ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അടുത്തയാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.
കേന്ദ്രനേതൃത്വവുമായി സംസാരിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ വൈകിയിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ഇവിടുത്തെ ചര്‍ച്ചകള്‍ സ്‌ക്രീനിംഗ് കമ്മിറ്റിയെ അറിയിക്കും. പിന്നീട് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവും പറഞ്ഞു. കേരളത്തിലെ 16 സീറ്റില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
ടി പി കൊലപാതക കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പറയാനും വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മടിച്ചില്ല. കൊലയില്‍ സിപിഎമ്മിന് പങ്കില്ലെന്ന വാദം പൊളിഞ്ഞുവെന്നും ഗൂഢാലോചന നടത്തിയ മുഴുവന്‍ പേരെയും പിടികൂടണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ടി പി കേസിലെ പ്രതികള്‍ക്ക് പരോള്‍ ലഭിക്കുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണെന്ന് കോടതിക്ക് മനസിലായി. പാര്‍ട്ടി ഭരിക്കുമ്പോള്‍ പ്രതികള്‍ക്ക് സുഖജീവിതം ലഭിക്കുമെന്ന് കണ്ടതിനാലാണ് കോടതി ശിക്ഷ വര്‍ധിപ്പിച്ചതും പരോള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതെന്നും കെ സുധാകരന്‍ ആരോപിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രചാരണവിഷയമാക്കുമെന്നും മുഖ്യമന്ത്രിയടക്കം രക്തദാഹിയാണെന്നും കെ സുധാകരന്‍ പറഞ്ഞു.