ഇന്ത്യയില്‍ ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ സാധിക്കും; സൗദിയില്‍ സാധിക്കില്ല; തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല; പിഎഫ്‌ഐയെ 'കുത്തി' കാന്തപുരം

ഇന്ത്യ പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു രാജ്യവും ഇല്ലെന്ന് സമസ്ത എ പി വിഭാഗം. സൗദി ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഈ സ്വാതന്ത്ര്യമില്ല. യുഎഇയില്‍ പത്ത് വര്‍ഷം മുന്‍പ് തന്നെ തടഞ്ഞിരുന്നുവെന്നും സമസ്ത എ പി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ വ്യക്തമാക്കി. കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിംകള്‍ക്കെതിരെ ഇന്ത്യക്കകത്തും പുറത്തും തെറ്റിദ്ധാരണയുണ്ട്. സമുദായം വിവേക പൂര്‍വ്വം പ്രവര്‍ത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണം. സര്‍ക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയും വ്യക്തമാക്കി. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതന്‍മാരും ഉയരണം
എങ്കില്‍ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ പരോക്ഷ വിമര്‍ശനവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ രംഗത്തെത്തി. രാജ്യത്തിന്റെ സംസ്‌കാരം മാറ്റിമറിക്കാന്‍ ആരെയും അനുവദിക്കരുത്. ഭീകരവാദം വിജയിക്കരുതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വിദ്യാര്‍ഥികളും യുവാക്കളും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ല.

Read more

അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളല്ല, വിദ്യാഭ്യാസ വിപ്ലവമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകേണ്ടത്. സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണ്. മുന്‍ഗാമികളായ സജ്ജനങ്ങളുടെ വഴിയിലൂടെയാണ് പുതു തലമുറയും സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.