ഷാജ് കിരണിന് വീണ്ടും ഇ ഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസ് എത്താനാണ് നിര്‍ദ്ദേശം. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയെന്നാണ് ഷാജി കിരണ്‍ പ്രതികരിച്ചത്. അതേസമയം തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് സ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. കൊച്ചി ഓഫീസിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ചും സ്വപ്നയെ വിളിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചയ്ക്ക് താന്‍ തനിച്ച് പോയിട്ടുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണ്. ക്ലിഫ് ഹൗസിലേയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറാകണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരുന്നു. തന്റെ കൈയിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.