രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസിന് നേരെയായലും മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അതിക്രമമങ്ങളായലും അവയെ തള്ളിപ്പറയാനുള്ള രാഷ്ട്രീയ പക്വത കോണ്‍ഗ്രസിന് ഉണ്ടാകണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞയുടനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം അതിനെ തള്ളിപ്പറഞ്ഞു. മാത്രമല്ല ആക്രമത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അതാണ് ശരിയായ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വം ഉള്‍പ്പെടെ എല്ലാവരും സംഭവത്തെ തള്ളിപ്പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന എന്തായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ‘ഇരന്നുവാങ്ങിയ മരണം’ എന്നായിരുന്നില്ലേ അദ്ദേഹം കൊലയാളികളെ ന്യായീകരിച്ചത്.
ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ നഷ്ടമായ ഘട്ടത്തിലും മനുഷ്യത്വരഹിതമായി കൊലയാളികള്‍ക്ക് വേണ്ടി ശബ്ദിച്ചതാണ് കെപിസിസി അധ്യക്ഷന്റെ പക്വത. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ നടന്ന അക്രമ സംഭവത്തെ എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും കുറ്റവാളികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്നാണ് കെ സുധാകരന്‍ പറഞ്ഞതെന്നും എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കരുത്. അവിടെയും മാതൃകാപരമായി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ അപലപിക്കുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.