Connect with us

KERALA

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചു; അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

, 11:23 pm

സേവന വേതന വ്യവസ്ഥ പരിഹരിക്കണമെന്നതടക്കമുള്ള മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തിലാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

വര്‍ഷങ്ങളായി ജോലിചെയ്തുവരുന്ന ജീവനക്കാരും സീനിയോറിറ്റി കുറഞ്ഞവരും തമ്മില്‍ ശമ്പളഘടനയില്‍ പ്രകടമായ മാറ്റം ഇല്ലാത്ത അവസ്ഥ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കാമെന്നും അടിസ്ഥാനശമ്പളം വര്‍ധിപ്പിച്ച് പുതിയ ശമ്പളഘടന അംഗീകരിക്കാമെന്നും മാനേജ്മെന്റ് സമ്മതിച്ചു. 2017ലെ ബോണസ് വിതരണത്തില്‍ ഉണ്ടായ അപാകം പരിഹരിക്കണമെന്ന ആവശ്യവും അംഗീകരിച്ചു.

ഇതിനായി ലേബര്‍ കമീഷണര്‍, എച്ച്ആര്‍ ജിഎം, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വര്‍ധിപ്പിച്ചുനല്‍കേണ്ട തുക ജൂണ്‍ 25നുള്ളില്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തും. അപാകമുണ്ടെങ്കില്‍ 28നുള്ളില്‍ പരിഹരിച്ച് ജീവനക്കാര്‍ക്ക് വിതരണംചെയ്യും.