എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുമ്പിൽ ഇടതു പക്ഷ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന ഉപരോധ സമരം സംഘർഷത്തിലേക്ക് നീങ്ങി. മുത്തൂറ്റിന്റെ ഹെഡ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികളായ സി.ഐ.ടിയു പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ആണ് ഇത് തുടന്ന് സി.ഐ.ടി.യു പ്രവർത്തകരും ജീവനക്കാരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.
സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്നാണ് സി.ഐ.ടി.യു നിലപാട്. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഓഫീസിന് മുന്നിൽ മണിക്കൂറോളമാണ് ജീവനക്കാർ കാത്തു നിന്നത്. തുടർന്ന് തങ്ങൾക്ക് ജോലിയിൽ പ്രവേശിക്കണമെന്നും സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാർ പൊലീസ് കമ്മീഷ്ണറെ സമീപിച്ചു.
പൊലീസ് സംരക്ഷണയിൽ ഹെഡ് ഓഫീസിൽ എത്തിയ ജീവനക്കാർ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് സരമക്കാർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ സമരക്കാർ ചെറുക്കാൻ ശ്രമിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.
എന്നാല്‍, ഹെഡ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ള ആളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ പറയുന്നത്.