മുട്ടില്‍ മരംമുറി കേസില്‍ ഇഡി നടപടി തുടങ്ങി; കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണമെന്ന് കേന്ദ്രമന്ത്രി; പ്രതികള്‍ ഉടമസ്ഥരായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി കൈമാറ്റത്തിലും അന്വേഷണം

മുട്ടില്‍ മരംമുറി കേസില്‍ ഇഡി നടപടി തുടങ്ങി; കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണമെന്ന് കേന്ദ്രമന്ത്രി; പ്രതികള്‍ ഉടമസ്ഥരായ മാധ്യമ സ്ഥാപനത്തിന്റെ ഓഹരി കൈമാറ്റത്തിലും അന്വേഷണം

മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ക്കെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി റാവു ഇന്ദ്രജിത് സിങ്. കെ സുധാകരന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടങ്ങിയ കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് അന്വേഷണം.

റോജി അഗസ്റ്റിയന്‍, ജോസുകുട്ടി അഗസ്റ്റിയന്‍, ആന്റോ അഗസ്റ്റിയന്‍ എന്നിവരാണ് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍. ഇവര്‍ ഉടമകളായ മാധ്യമസ്ഥാപനത്തിന്റെ ഓഹരി കൈമാറ്റവും അന്വേഷിക്കും.
എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടന്നുവരുന്നതെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചിട്ടുണ്ട്. ലോക്സഭയില്‍ കെ. സുധാകരന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യസഹമന്ത്രിയാണ് മറുപടി നല്‍കിയത്.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ്. എന്നാല്‍ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെട്ട ശേഷം റിപ്പോര്‍ട്ടര്‍ എന്ന പേരില്‍ പുനഃസംപ്രേക്ഷണം ആരംഭിച്ച ഈ കമ്പനിക്ക് ഇന്തോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് ടെലികാസ്റ്റിംഗ് ലൈസന്‍സ് കൈമാറിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അവ്യക്തയുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പുതിയ ഉടമസ്ഥരോട് കോര്‍പറേറ്റ് മന്ത്രാലായം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ 137.50 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയവും കണ്ടെത്തിയിട്ടുണ്ട്. ടെലികാസ്റ്റിംഗ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും നിലവിലെ റിപ്പോര്‍ട്ടര്‍ കമ്പനിയിലെ അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അറിയിക്കുന്നത്.

മുട്ടില്‍ മരംമുറിക്കേസില്‍ മരങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെപ്രതികളുടെ വാദങ്ങള്‍ പൊളിഞ്ഞെന്ന് നേരത്തെ വനംവകുപ്പ് മന്ത്രി എ കെ. ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പ്രതികളുടെ ഒരു വാദവും നിലനില്‍ക്കില്ല. പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരുമെന്നും വനംമന്ത്രി പറഞ്ഞു. കുറ്റം തെളിയുന്ന പക്ഷം മുറിച്ചുകളഞ്ഞ മരത്തിന്റെ അഞ്ചിരട്ടി വില പിഴയായി അടയ്ക്കണമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് മരങ്ങള്‍ക്ക് ഡിഎന്‍എ പരിശോധന നടത്തുന്നത്. മുട്ടിലില്‍ മുറിച്ച മരങ്ങള്‍ പട്ടയം വന്നതിനു ശേഷം കിളിര്‍ത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങളല്ലെന്ന് ഡി.എന്‍.എ. പരിശോധനയിലൂടെ തെളിഞ്ഞു.

Read more

മരംമുറിക്കേസില്‍ ഓഗസ്റ്റ് 25-നകം ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മരംമുറിക്കേസില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് വിവരം നല്‍കാന്‍ റവന്യൂ വകുപ്പ് മീനങ്ങാടി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബത്തേരി, വൈത്തിരി തഹസില്‍ദാര്‍മാരെയാണ് തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. വയനാട് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഇതുസംബന്ധിച്ച് ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് ഇരുപത്തഞ്ചിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.