മൂവാറ്റുപുഴ ജപ്തി വിവാദം; അര്‍ബന്‍ ബാങ്ക് സി.ഇ.ഒ രാജിവെച്ചു

മുവാറ്റുപുഴയില്‍ കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഉത്തരവിട്ടതിന് പിന്നാലെ ബാങ്കിലെ സിഇഒ ജോസ് കെ പീറ്റര്‍ രാജിവച്ചു. രാജി സ്വീകരിച്ചതായി ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെക്കുന്നതെന്നും ഇതേ കുറിച്ച്  കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും ജോസ് കെ പീറ്റര്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു ജപ്തി നടപടി. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പാവപ്പെട്ടവര്‍ക്ക് എതിരെ ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ പകരം താമസ സൗകര്യം ഒരുക്കണമായിരുന്നു. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്.

ഹൃദ്രോഗിയായ അജേഷ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചിരുന്നില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് നല്‍കിയ വിശദീകരണം.

Read more

ബാങ്കിന് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തുക കഴിഞ്ഞ ദിവസം ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) തിരിച്ചടച്ചു. അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ സാമൂഹ്യ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ കട ബാധ്യത തീര്‍ക്കാന്‍ ബാങ്കിലെ ജീവനക്കാര്‍ ശേഖരിച്ച പണം വേണ്ട എന്നായിരുന്നു അജേഷിന്റെ പ്രതികരണം.