എം.വി ഗോവിന്ദന്‍
ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ഇ ബാലാനന്ദന്‍. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 15 വര്‍ഷമാകുന്നു. കേരളത്തിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരില്‍ ഒരാളായിരുന്നു അദ്ദേഹം. അലുമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയില്‍നിന്ന് രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളര്‍ന്ന അസാധാരണ വിപ്ലവ ഏടാണ് ഇ ബാലാനന്ദന്റെ ജീവിതം.
കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയില്‍ തൊഴിലാളി കുടുംബത്തില്‍ 1924ല്‍ ആയിരുന്നു സഖാവിന്റെ ജനനം. ജീവിതപ്രാരാബ്ധം കാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതനായി. ഷാപ്പുതൊഴിലാളി, കൂലിപ്പണിക്കാരന്‍ എന്നിങ്ങനെയെല്ലാം ജീവിതവഴി തേടുന്നതിനിടെ ഏലൂരിലെ അലുമിനിയം കമ്പനിയില്‍ പണിക്കാരനായി.
തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ബാലപാഠം അവിടത്തെ പണിശാലയില്‍നിന്ന് പഠിച്ചു. അലുമിനിയം ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ രൂപീകരിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആറാമത്തെ തൊഴിലാളി യൂണിയനായിരുന്നു അത്. ആദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്‍ രൂപീകരിച്ചപ്പോള്‍ അതിലെ അംഗമായി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന് കമ്പനി പുറത്താക്കി. ഫാക്ടറിയില്‍നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം പൂര്‍ണസമയ പാര്‍ടി പ്രവര്‍ത്തകനായി.
വിവിധ ഘട്ടത്തിലായി അഞ്ചുവര്‍ഷം ജയില്‍വാസവും നാലര വര്‍ഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ് മര്‍ദനത്തിന് നിരവധി തവണ ഇരയായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണം ശക്തിപ്പെട്ടപ്പോള്‍ അതിനെതിരെ കുറിക്കുകൊള്ളുന്ന ഭാഷയില്‍, ഒളിവിലിരിക്കെ പൊതുയോഗത്തില്‍ പ്രസംഗിച്ച് മറുപടി നല്‍കി. അതേത്തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്തു. സിപിഐ എം രൂപീകരിച്ചപ്പോള്‍ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി.
പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റംഗം വുമായി. 1972ല്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ടി കോണ്‍ഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്. 1978ല്‍ ജലന്ധര്‍ പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മൂന്നു പതിറ്റാണ്ടോളം ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. എ കെ ജിക്കും ഇ എം എസിനും ശേഷം പാര്‍ടി പിബിയില്‍ എത്തിയ മലയാളിയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ വിപ്ലവപാതയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശപ്പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും സിഐടിയു നേതാവെന്ന നിലയില്‍ സ. ഇ ബാലാനന്ദന്‍ വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുന്നതാണ്. 1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ അതിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് അഖിലേന്ത്യ ട്രഷററുമായി.
ബി ടി രണദിവെയ്ക്കുശേഷം സിഐടിയുവിന്റെ പ്രസിഡന്റായി. ആഗോളവത്കരണ നയത്തിനെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സമരപാതയില്‍ എത്തിക്കുന്നതിന് നേതൃപരമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചത്. വൈദ്യുതി ജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത് അദ്ദേഹത്തിന്റെ മുന്‍കൈയിലായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. വൈദ്യുതി ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് അത്. അവസാനകാലംവരെ അതിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു.
മികച്ച പാര്‍ലമെന്റേറിയനായിരുന്നു ഇ ബാലാനന്ദന്‍. 1967 മുതല്‍ 1977 വരെ കേരള നിയമസഭയിലും 1980ല്‍ ലോക്സഭാംഗവും പിന്നീട് രണ്ടുതവണ രാജ്യസഭാംഗവുമായി. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ നേടുന്നതിനുള്ള സമരവേദിയായി പാര്‍ലമെന്റിനെ മാറ്റുന്നതില്‍ വിജയം കണ്ട വിപ്ലവകാരിയായ പാര്‍ലമെന്റേറിയനായി. അസംഘടിത തൊഴിലാളികള്‍ക്കുവേണ്ടി നിയമം കൊണ്ടുവരുന്നതിന് പാര്‍ലമെന്റില്‍ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്.
ജീവിതപ്രാരാബ്ധങ്ങള്‍ കാരണം ഏഴാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തേണ്ടിവന്നു. പക്ഷേ, സമൂഹമാകുന്ന പാഠശാലയില്‍നിന്ന് അറിവുകള്‍ സ്വാംശീകരിച്ച് എല്ലാ മേഖലയിലും ആധികാരികമായി ഇടപെടാന്‍ പറ്റുന്ന നേതാവായി അദ്ദേഹമുയര്‍ന്നു. മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായി അവസാനകാലത്ത് പ്രവര്‍ത്തിച്ചു.
ഓരോ വിഷയത്തെയും മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിന് അസാമാന്യ പാടവമുണ്ടായിരുന്നു. ഇന്ത്യന്‍ ജനത വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ചരമദിനം നാം ആചരിക്കുന്നത്. ഹിന്ദുത്വ– കോര്‍പറേറ്റ് അമിതാധികാര പ്രവണതകള്‍ രാജ്യത്ത് നടമാടുകയാണ്. രാജ്യത്തിന്റെ ഗുണപരമായ എല്ലാ നേട്ടങ്ങളും തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
പാര്‍ലമെന്ററി ജനാധിപത്യത്തെപ്പോലും തകര്‍ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. ഈ വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍സംവിധാനങ്ങളെല്ലാം ബിജെപിക്കുവേണ്ടി പ്രവര്‍ത്തിപ്പിക്കുന്നു.
രാജ്യത്തിന്റെ ബഹുസ്വരതയും നിലനില്‍പ്പുമെല്ലാം അപകടത്തിലാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം ജനവിരുദ്ധനയങ്ങളെ പിന്തുണച്ച് ചൂഷണം ശക്തിപ്പെടുത്താനാണ് കോര്‍പറേറ്റുകള്‍ ശ്രമിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട കാലമാണിത്. ഈ പോരാട്ടങ്ങള്‍ക്ക് ഇ ബാലാനന്ദന്‍ സ്മരണ നമുക്ക് പുതിയ ഊര്‍ജ്ജമേകും.