എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് നൽകിയ കേസിൽ സ്വപ്ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എംവി ​ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് സ്വപ്ന ഉന്നയിച്ചിരുന്നത്.കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്ന് സ്വപ്ന ആരോപിച്ചു.

ഇതിനെതിരെയാണ് ഇതിനെതിരെയാണ് ഗൂഢാലോചന, അപകീർത്തി വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ എം വി ഗോവിന്ദൻ ഹർജി നൽകിയത്. കേസിൽ നേരത്തെ അന്വേഷണ സംഘം വിജേഷ് പിള്ളയെ ചോദ്യം ചെയ്തിരുന്നു. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജേഷ് പിള്ള പറഞ്ഞത്.