ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിക്ക് കേരളത്തില്‍ ഒരുസീറ്റും കിട്ടില്ല. രണ്ടക്ക സീറ്റ് കിട്ടുമെന്ന് കേരളത്തില്‍ മോദി എത്രതവണ വന്ന് പറഞ്ഞിട്ടും കാര്യമില്ല. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് മനസ്സിലാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തീയതി പ്രതീക്ഷിച്ച പോലെയാണ്. നേരത്തെ തന്നെ ഇടതുപക്ഷം ശക്തമായി കളത്തിലുണ്ട്. അവകാശപ്പെട്ട പണം കേന്ദ്രസര്‍ക്കാര്‍ തരാത്തതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായത്. ഇത് ജനങ്ങള്‍ക്കറിയാം. സംസ്ഥാന സര്‍ക്കാരിന് ലഭിക്കാനുള്ള പണം കിട്ടിയാല്‍ എല്ലാ പെന്‍ഷന്‍ കുടിശ്ശികയും നല്‍കുമെന്നും അദേഹം പറഞ്ഞു.
രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തെ അതിശക്തമായി പ്രതിരോധിക്കും. ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി വലിയ സാമ്പത്തിക കൊള്ള നടത്തി. ബോണ്ടിലൂടെ പണം വാങ്ങാത്ത പാര്‍ടി സിപിഎമ്മാണ്. പൗരത്വഭേദഗതി നിയമത്തിന് അനുകൂലമാണ് കോണ്‍ഗ്രസ്. കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് സിഎഎയ്ക്കെതിരെ ചെറുചലനമെങ്കിലും ഉണ്ടാക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും അവരുടെ സ്ഥാനാര്‍ഥികള്‍ക്കും ഒരേ സ്വരമാണ്. എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നു.
ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ മാധ്യമങ്ങള്‍ കാര്യമായ ഒരു ചര്‍ച്ചയും നടത്തിയില്ല. അഴിമതിയെ നിയമവിധേയമാക്കുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കില്ലെന്ന് സിപിഎം തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. സിപിഎം ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. പൗരത്വ നിയമം കേരളം നടപ്പാക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.