ഗണപതിയെക്കുറിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന തിരുത്തുകയും മാപ്പ് പറയുകയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്‍എസ്എസ് ഉയര്‍ത്തിയ ആവശ്യം തള്ളിയാണ് സിപിഎം ഇക്കാര്യം വ്യക്തമാക്കിയത്. ഷംസീര്‍ മാപ്പ് പറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല.
തിരുത്തേണ്ട ഒരു കാര്യവും ഇതിനകത്തില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ശാസ്ത്രവും വിശ്വാസവും സംബന്ധിച്ച് ശശി തരൂരും നെഹ്റുവും ഒക്കെ ഇത് തന്നെയാണ് മുമ്പ് പറഞ്ഞിട്ടുള്ളത്. ഇതെല്ലാം വായിച്ചിട്ട് വി.ഡി.സതീശന്‍ എന്ത് പറയുന്നുവെന്ന് നോക്കാമെന്ന് ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെമേലെ കുതിര കയറാന്‍ പാടില്ല. കുതിര കയറാന്‍ അവകാശമില്ലെന്ന് പറയുന്നില്ല. എന്നാല്‍ ആരെങ്കിലും അതിനെ വിമര്‍ശിച്ചാല്‍ അവര്‍ ഹിന്ദുക്കള്‍ക്കെതിരാണെന്നും വിശ്വാസങ്ങള്‍ക്കെതിരാണെന്നുമുള്ള പ്രചാര വേല നടത്താന്‍ പാടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഷംസീര്‍ നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. സിപിഎം ഏതെങ്കിലും മതത്തിനോ മതവിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. എല്ലാ കാലത്തും സിപിഎം മതവിശ്വാസകള്‍ക്കെതിരായ പ്രസ്ഥാനമാണെന്ന പ്രചാരണം വരാറുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തി ജവഹര്‍ലാല്‍ നെഹ്റു എഴുതിയിട്ടുള്ള പുസ്തകം കോണ്‍ഗ്രസുകാരടക്കം വായിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
Read more
ഷംസീറിന്റെ പ്രസംഗം ഉയര്‍ത്തിക്കൊണ്ട് എന്‍എസ്എസ് ഗണപതി ക്ഷേത്രങ്ങളിലേക്ക് പോയി വഴിപാട് നടത്തുന്നതിന് ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ അത് രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്ക് മാറുന്നില്ലേ എന്ന് സ്വയം പരിശോധിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.