രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി ഉണ്ടെന്ന് പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു. ”നവകേരള കാലത്തെ ഭരണനിര്‍വഹണം” എന്ന വിഷയത്തില്‍ തിരുവനന്തപുരം വിമന്‍സ് കോളജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് എം വി ഗോവിന്ദന്‍ ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നിലനില്‍ക്കുന്നതായി പറഞ്ഞത്.
ഉദ്യോഗസ്ഥ അഴിമതി മാറ്റമില്ലാതെ തുടരുന്നു. താഴെത്തട്ടു മുതല്‍ മുകളില്‍ വരെ അഴിമതിയുണ്ട്. ഭരണ നിര്‍വഹണത്തിനു വേഗം കുറയാന്‍ കാരണം ഉദ്യോഗസ്ഥ അഴിമതിയാണെന്ന് കുറ്റപ്പെടുത്താനും സിപിഎം സംസ്ഥാന സെക്രട്ടറി മടിച്ചില്ല. ഇതു മൂലം ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
മണിപ്പൂരിലെ വംശീയ കലാപത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഫ്യൂഡല്‍ ജീര്‍ണതയില്‍നിന്നാണു സ്ത്രീ വിരുദ്ധത ഉണ്ടാകുന്നതെന്നും പറഞ്ഞു. അതിന്റെ നേര്‍കാഴ്ചയാണ് മണിപ്പുരില്‍ നടക്കുന്നത്. വര്‍ഗീയ ചേരിതിരിവിലൂടെ ഭരണസംവിധാനത്തെ നിലനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. കേരളത്തിനെതിരെ ദേശീയ തലത്തില്‍ തെറ്റായപ്രചാരണം നടക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.