വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവര്‍ക്ക് ആശ്വാസംപകരാന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിദ്വേഷവും വെറുപ്പും പരത്തുന്നത് ഗുണകരമാകില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം എതിര്‍ത്തത് ഉള്‍പ്പെടെ ആരുടെയെങ്കിലും പ്രസ്താവനയെ കക്ഷിരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ല.
വയനാടിനെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഎം 25 ലക്ഷം രൂപ സംഭാവന നല്‍കി. എല്ലാ പാര്‍ടി ഘടകങ്ങളോടും സംഭാവന നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്‍ഡിഎഫ് എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം നല്‍കും. ഒരുമാസത്തെ പെന്‍ഷന്‍ തുക നല്‍കാന്‍ മുന്‍ എംഎല്‍എമാരോടും എംപിമാരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.
ലോകത്തിന് മാതൃകയാകുന്നരീതിയില്‍ വയനാട്ടിലെ പുനരധിവാസ പദ്ധതി നടപ്പിലാക്കും. പുതിയ നഗരം ടൗണ്‍ പ്ലാനോടുകൂടി പുനരധിവാസം രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേരളം ഇതുവരെ കാണാത്ത ഏറ്റവും വലിയ ദുരന്തമാണുണ്ടായത്. മുഖ്യമന്ത്രിയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിച്ചു. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ പരസ്പര സംഘര്‍ഷത്തിലേക്ക് നീങ്ങാതെ ഒരേമനസ്സോടെ സമീപിക്കാന്‍ സര്‍ക്കാരിനായി. എല്ലാവിഭാഗത്തിലുമുള്ള ആയിരങ്ങളാണ് സന്നദ്ധ പ്രവര്‍ത്തകരായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. ഇത് കേരളത്തിന്റെമാത്രം രീതിയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.