ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തിക്കേടും ചെയ്യും; 29ന് ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എംവി ഗോവിന്ദന്‍

ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എന്ത് വൃത്തിക്കേടും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കള്ളപ്പണക്കേസിന്റെ രൂപം തന്നെ മാറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പക്ഷേ കേന്ദ്ര ഏജന്‍സികള്‍ ഈ വസ്തുത കണക്കിലെടുത്തിട്ടില്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുറ്റപത്രം. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടുള്ള വസ്തുത സംസ്ഥാന സര്‍ക്കാര്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്ക് പോറല്‍ വരാത്ത വിധം ചാര്‍ജ് ഷീറ്റ് ഇഡി തിരുത്തി. ബിജെപി താല്‍പര്യം സംരക്ഷിച്ചാണ് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.

രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29ന് കൊച്ചി ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആറ് ചാക്കില്‍ പണം കെട്ടി കടത്തിയത് തിരൂര്‍ സതീഷ് പറഞ്ഞിട്ടും ഇഡി മൊഴി പോലുമെടുത്തിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേരള പൊലീസ് കേസെടുത്തു. ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.