മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെയുള്ള നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരോപണങ്ങളില്‍ നിന്ന് പി ശശിയെ സംരക്ഷിക്കുന്ന നിലപാടുമായാണ് എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്.
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പി ശശിയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടറി ശശി അത്തരം കാര്യങ്ങളൊന്നും ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടു. തങ്ങള്‍ ഒപ്പം പ്രവര്‍ത്തിച്ച സഖാക്കളാണെന്നും ദീര്‍ഘകാലത്തെ അനുഭവമുണ്ടെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനും പരാതി നല്‍കിയിട്ട് വീണ്ടും പരസ്യ പ്രസ്താവന നടത്തിയ പിവി അന്‍വര്‍ നിലപാട് തിരുത്തുക തന്നെ ചെയ്യണമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗൗരവമുള്ള കാര്യങ്ങള്‍ ഗൗരവത്തോടെ അന്വേഷിക്കും. ഗൗരവത്തോടെ ഉന്നയിച്ചാല്‍ ആ കാര്യങ്ങള്‍ ഗൗരവമുള്ളതാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നിലമ്പൂര്‍ എംഎല്‍എ നടത്തുന്ന പരമര്‍ശങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടി തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെ വലതുപക്ഷ ശക്തികള്‍ക്ക് ആയുധങ്ങളാക്കാന്‍ പറ്റുന്ന പ്രസ്താവന അന്‍വര്‍ നടത്തി. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇത്തരം പരസ്യ പ്രസ്താവനകളില്‍ നിന്ന് അന്‍വര്‍ പിന്മാറണം. ഉയര്‍ന്ന് വരുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഇനിയുള്ള പ്രസ്താവനകള്‍ അന്‍വര്‍ പിന്‍വലിക്കണം. ഇക്കാര്യങ്ങള്‍ അന്‍വറിനെ ബോധ്യപ്പെടുത്തും. ആവശ്യമായ തിരുത്തലുകള്‍ നടത്തുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.