പ്രതിപക്ഷ നേതാവ് പറയുന്നതല്ല ശരി; വേദവും ഉപനിഷത്തും തത്വമസിയും ചേര്‍ന്നുള്ളതല്ല സനാതനധര്‍മം; മുഖ്യമന്ത്രിയെ കേരളവും ഇന്ത്യയും അംഗീകരിക്കുമെന്ന് എംവി ഗോവിന്ദന്‍

മനുസ്മൃതിയില്‍ അധിഷ്ഠിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഹിന്ദുത്വപേരാണ് സനാതനധര്‍മമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ വേദവും ഉപനിഷത്തും തത്വമസിയും ചേര്‍ന്നുള്ളതല്ല സനാതനധര്‍മം. ഇതെല്ലാം മേല്‍പ്പൊടി മാത്രമാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണഘടന വേണമെന്നാണ് സംഘപരിവാര്‍ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശിവഗിരി പ്രസംഗം കേരളവും ഇന്ത്യയും അംഗീകരിക്കുന്നതാണ്. ഹിന്ദുത്വവല്‍ക്കരണത്തെ വെള്ളപൂശുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചെയ്യുന്നതെന്നും അദേഹം പറഞ്ഞു. സനാതനധര്‍മത്തിന്റെ പേരില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമം. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ഇടതുപാര്‍ട്ടികള്‍ നടത്തുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

രാഷ്ട്രീയാധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളെ നന്നായി പ്രതിരോധിക്കാനാകുക വിശ്വാസികള്‍ക്കാണ്. വര്‍ഗീയവാദികള്‍ വിശ്വാസം ഉപകരണമാക്കിയെടുക്കുകയാണ്. അതല്ല ശരിയായ വിശ്വാസം. വിശ്വാസികള്‍ക്ക് വര്‍ഗീയ വാദികളാകാന്‍ കഴിയില്ല.

ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ. മനുവാദ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടന ഉണ്ടാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറെ അമിത്ഷാ പുച്ഛിക്കാന്‍ കാരണവും ചാതുര്‍വര്‍ണ്യമാണ്. മതനിരപേക്ഷ, -ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തിന് എതിര് നില്‍ക്കുന്നവരാണ് അംബേദ്കറെ എതിര്‍ക്കുന്നതെന്നും.