യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് എംവി ജയരാജൻ. വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പറഞ്ഞത് മാധ്യങ്ങൾ വളച്ചൊടിച്ചുവെന്നും പോരാളി ഷാജി വിഷയത്തിൽ ജയരാജൻ പ്രതികരിച്ചു. പ്രത്യക്ഷത്തിൽ ഇടതുപക്ഷതിന്റേതെന്ന് തോന്നിക്കുന്ന ചില നവമാധ്യമങ്ങളിൽ സർക്കാരിനെതിരെ വാർത്ത കൊടുക്കണമെന്ന് കോൺഗ്രസ് നിർദ്ദേശം നൽകിയിരുന്നു. ഇത്തരം ഒരു നിർദ്ദേശം സിപിഐഎമ്മോ ഇടുതുപക്ഷമോ ഒരിടത്തും നൽകിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
‘ഞങ്ങൾ ആശയപ്രചാരണമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാർത്തകൾ എല്ലാം സീമകളും ലംഘിച്ചു പ്രചരിച്ചു. പോരാളി ഷാജി എന്ന പേരിൽ നിരവധി പ്രൊഫൈലുകൾ ഉണ്ട്. ഇടത് അനുകൂലമെങ്കിൽ പോരാളി ഷാജി അത് വ്യക്തമാക്കണം. യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണം. ഈ വ്യാജ പ്രൊഫൈലുകൾ പൊലീസിന് കണ്ടെത്താൻ സാധിക്കാത്ത വിധമാണ്. ഇത് സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരിക എന്നത് എന്റെ ഉത്തരവാദിത്തമാണ്’- എംവി ജയരാജൻ പറഞ്ഞു.
‘പോരാളി ഷാജി’ ഉള്‍പ്പെടെയുള്ള ഇടതു സാമൂഹിക മാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എംവി ജയരാജന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ, ഇടതുപക്ഷമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന സാമൂഹിക മാധ്യമങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണെന്നും യുവാക്കള്‍ ഇത് മാത്രം നോക്കിയിരുന്നതിൻ്റെ ദുരന്തമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ എംവി ജയരാജനെതിരെ പോസ്റ്റുമായി പോരാളി ഷാജി രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിൻ്റെ ഉത്തരവാദിത്തം അധികാരത്തിൻ്റെ സുഖസൗകര്യങ്ങളില്‍ മതിമറന്ന് ജനങ്ങളെ പിഴിഞ്ഞ് ഭരിച്ച സര്‍ക്കാരിനു തന്നെയാണെന്നാണ് ‘പോരാളി ഷാജി’യുടെ ഫേസ്ബുക്ക് കുറിപ്പ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലക്കെട്ടോടെ ആയിരുന്നു കുറിപ്പ്.