മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്ക് പകയോ വ്യക്തിവൈരാഗ്യമോ ഇല്ലെന്ന് വിശദീകരിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗം ഉപയോഗിച്ചാണ് 2014 തെരഞ്ഞെടുപ്പിൽ പിണറായി തന്നെ അധിക്ഷേപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് ആവർത്തിച്ചു. അത് മുഖ്യമന്ത്രിയുടെ ശൈലിയാണ്. അതിന് ജനങ്ങൾ തന്നെ മറിപടി നൽകിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
പിണറായിയുടെ പ്രവർത്തന രീതിയോടും ശൈലിയോടും പഴയേതിനേക്കാൽ അതിശക്തമായ വിയോജിപ്പാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയമായ എതിർപ്പ് തുടരുമെന്നും പ്രേമചന്ദ്രൻ പ്രതികരിച്ചു. . 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ പ്രചാരണത്തിനിടെയായിരുന്നു പിണറായി എൻ കെ പ്രേമചന്ദ്രനെ അധിക്ഷേപിച്ചത്. അന്ന് വൻ ഭൂരിപക്ഷത്തിലാണ് പ്രമചന്ദ്രൻ ലോക്സഭയിലേക്ക് ജയിച്ച് കയറിയത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയൻ എൻ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്. പിണറായിയുടെ പരാമർശം പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിമർശനങ്ങൾക്കിടയിലും പരാമർശത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പിണറായി.
പിന്നീട് പരാമർശം തിരുത്താനോ പിൻവലിക്കാനോ തയ്യറാവാതെ രൂക്ഷമായി വിമർശിക്കുകയാണ് പിണറായി ചെയ്തത്. താൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടുവെന്നാണ് 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ കൊല്ലത്ത് ചോദിച്ചത്.